Wednesday 14 December 2011

മതവേദികളില്‍ ശുംഭനും പൊട്ടനുമെത്ര നിസ്സാരം!

മതവേദികളില്‍ ശുംഭനും പൊട്ടനുമെത്ര നിസ്സാരം!

By Sheikh Mohammad Karakkunnu


http://www.madhyamam.com/news/138128/111209


കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എത്തിച്ചുതന്ന ഡി.വി.ഡി അതിന്‍െറ ഉള്ളടക്കംകൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്നു. അത് വിവേകശാലികളില്‍ അമ്പരപ്പും അലോസരവുമുളവാക്കാതിരിക്കില്ല. മുസ്ലിം സമുദായത്തിലെ വ്യത്യസ്ത സംഘടനകളും മതപണ്ഡിതന്മാരും പരസ്പരം നടത്തുന്ന അതിരൂക്ഷമായ ആക്ഷേപങ്ങളുടെയും ശകാരങ്ങളുടെയും ആരോപണപ്രത്യാരോപണങ്ങളുടെയും പരിഹാസങ്ങളുടെയും വിമര്‍ശങ്ങളുടെയും സമാഹാരമാണത്.അവരോട് അറപ്പും വെറുപ്പുമുണര്‍ത്തുന്നതോടൊപ്പം പക്വതയുടെയും നന്മയുടെയും വഴിതെളിയിച്ചുകാണിക്കുന്നു പ്രസ്തുത ഡി.വി.ഡി.
‘ശുംഭനും പൊട്ടനു’മൊക്കെ കേരളീയ പൊതുമണ്ഡലത്തില്‍ പറഞ്ഞവര്‍ മാപ്പുചോദിക്കേണ്ടിവരുന്ന അശ്ളീല പദങ്ങളും ശകാരവാക്കുകളുമാണ്. എന്നാല്‍, കേരളത്തിലെ മതസംഘടനകളുപയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും ഇതിന്‍െറ എത്രയോ ഇരട്ടി കട്ടിയുള്ളവയും കെട്ടവയുമാണ്. രാഷ്ട്രീയ നേതാക്കളുടെ മാന്യതയും മൂല്യബോധവും മതപണ്ഡിതന്മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍ അവര്‍ അനേക തവണ താണുകേണ് മാപ്പുചോദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യേണ്ടിവരുമായിരുന്നു.അല്ളെങ്കിലും കൊടുംകുറ്റവാളിയും കടുത്ത ഏകാധിപതിയുമായിരുന്ന മര്‍ദക ഭരണാധികാരി നംറൂദിന്‍െറ മര്യാദപോലും നമ്മുടെ പല മതപണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കുമില്ളെന്നതല്ളേ വസ്തുത? ഇബ്രാഹീം പ്രവാചകന്‍ അനിഷേധ്യമായ പ്രാപഞ്ചിക സത്യം വിളംബരം ചെയ്തപ്പോള്‍ നംറൂദ് ഉത്തരം മുട്ടി വിവാദമവസാനിപ്പിക്കുകയുണ്ടായി. എന്നാല്‍, നമ്മുടെ നാട്ടിലെ ഒരു പണ്ഡിതനും നേതാവും വാദപ്രതിവാദങ്ങളില്‍ ഇന്നോളം ഉത്തരം മുട്ടിയിട്ടില്ല. ഇനിയൊട്ട് ഉത്തരംമുട്ടുകയുമില്ല. നംറൂദിനെപ്പോലെ തോല്‍വി സമ്മതിക്കാനുള്ള ആര്‍ജവവും മാന്യതയും മര്യാദയും ആര്‍ക്കുമില്ളെന്നല്ളേ ഇത് തെളിയിക്കുന്നത്.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതും ഇവിടെ വമ്പിച്ച വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും വഴിവെച്ചിരിക്കുന്നു. അതിലൊട്ടും അദ്ഭുതമില്ല. പതിനാലിലേറെ നൂറ്റാണ്ടു മുമ്പ് ഇതുപോലൊരു സംഭവത്തിന് ചരിത്രം സാക്ഷ്യം വഹിക്കുകയുണ്ടായി. പ്രവാചകന്‍െറ അടുത്ത അനുയായികളായിരുന്ന അബൂദര്‍റും ബിലാലും എന്തോ കാരണത്താല്‍ ശണ്ഠയിലേര്‍പ്പെട്ടു. അതിനിടയില്‍ അബൂദര്‍ദ് ബിലാലിനെ ‘കറുത്തവളുടെ മോനേ’യെന്ന് വിളിച്ചു.ബിലാല്‍ ഇതേക്കുറിച്ച് പ്രവാചകനോട് പരാതിപ്പെട്ടു. ഉടനെ പ്രവാചകന്‍ ബിലാലിനോട് മാപ്പുചോദിക്കാനും അദ്ദേഹത്തെ സന്തോഷിപ്പിക്കാനും അബൂദര്‍റിനോട് ആവശ്യപ്പെട്ടു. പശ്ചാത്താപ വിവശനായ അബൂദര്‍റ് ബിലാലിന്‍െറ മുന്നില്‍ ചെന്ന് തന്‍െറ കവിള്‍ നിലത്തുവെച്ച് മറുകവിളില്‍ ചവിട്ടി പ്രതികാരം ചെയ്യാനാവശ്യപ്പെട്ടു. അതോടെ ബിലാല്‍ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി ആലിംഗനം ചെയ്യുകയും മാപ്പു നല്‍കുകയും ചെയ്തു. ജാതിപോലെതന്നെ ജന്മസിദ്ധവും മാറ്റാന്‍ സാധ്യമല്ലാത്തതുമായ കറുപ്പ് നിറത്തിന്‍െറ പേരിലുള്ള പരാമര്‍ശം കൊടിയ കുറ്റമായാണ് പ്രവാചകന്‍ കണ്ടത്. എന്നാല്‍, മത നേതാക്കളുടെയും പണ്ഡിതന്മാരുടെയും പരസ്പരമുള്ള പ്രയോഗങ്ങള്‍ ഇതിനേക്കാള്‍ എത്രയോ കടുത്തതും ക്രൂരവുമത്രെ.
ലോകത്ത് ഏറ്റവും കൂടുതല്‍ മതപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. ഇവിടെ ധാരാളം മതസംഘടനകളുണ്ട്. അവയൊക്കെയും നിരവധി സമ്മേളനങ്ങള്‍ നടത്തുകയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുകയും ചെയ്യുന്നു. എന്നാല്‍, അവയിലേറെയും പരസ്പര വിമര്‍ശത്തിനും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പരിഹാസത്തിനും വെല്ലുവിളികള്‍ക്കുമാണ് ഉപയോഗിക്കുന്നത്.അതിനാല്‍ അവയൊന്നും പ്രയോജനപ്പെടുന്നില്ളെന്ന് മാത്രമല്ല, വിപരീത ഫലമുളവാക്കുകയും ചെയ്യുന്നു.
മതസംഘടനകള്‍ക്കിടയിലെ പരസ്പര വിമര്‍ശവും പോരും പോര്‍വിളിയും പുതിയ തലമുറക്ക് മതത്തെയും മതനേതാക്കളെയും പണ്ഡിതന്മാരെയും സംബന്ധിച്ച് മതിപ്പോ ആദരവോ ഇല്ലാതാക്കുന്നു. കടുത്ത സംഘടനാപക്ഷപാതിത്തവും സ്വാര്‍ഥതാ താല്‍പര്യവും ഭൗതികാസക്തിയുമാണ് മതനേതാക്കളെ നയിക്കുന്നതെന്ന് സാധാരണ ജനം ധരിക്കുന്നു. ഇത് മതത്തെ സംബന്ധിച്ച് പുച്ഛം വളര്‍ത്തുകയും സാമാന്യ ജനത്തിന്‍െറ മതവിശ്വാസത്തെയും മൂല്യബോധത്തെയും ദുര്‍ബലമാക്കുകയും ചെയ്യുന്നു. അങ്ങനെ അനുസരിക്കപ്പെടുന്ന മതനേതൃത്വം സമൂഹത്തില്‍ ഇല്ലാതാവുന്നു. അനുകരണീയമായ മാതൃകകളുടെ അഭാവം പ്രകടമാവുന്നു.
മതസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് തോന്നുക; അവയുടെ നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും സ്വന്തം അണികള്‍ വഴിപിഴക്കുന്നതിലും കുറ്റവാളികളാകുന്നതിലും മരണാനന്തര ജീവിതത്തില്‍ ശിക്ഷാര്‍ഹരാവുന്നതിലും ഒട്ടും അലോസരമോ ആലോചനയോ ഇല്ളെന്നാണ്, ഉണ്ടായിരുന്നുവെങ്കില്‍ അവരുടെ മുഖ്യശ്രദ്ധയും ശ്രമവും തങ്ങളുടെ അണികളെ ശുദ്ധീകരിക്കുന്നതിലും സംസ്കരിക്കുന്നതിലും നേര്‍വഴിയില്‍ നയിക്കുന്നതിലും അവരെ വളര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലുമാകുമായിരുന്നു.സ്വന്തം അനുയായികളോട് ആത്മാര്‍ഥമായ അടുപ്പവും പ്രതിബദ്ധതയുമുണ്ടായിരുന്നുവെങ്കില്‍ സമയവും സമ്പത്തും അധ്വാനവും വിനിയോഗിക്കുന്നത് അവര്‍ക്ക് ഗുണം ലഭിക്കും വിധമാകുമായിരുന്നു. മറ്റുള്ളവരുടെ കുറ്റവും കുറവും പിഴവുകളും പാളിച്ചകളും ചികഞ്ഞെടുത്ത് കണ്ടെത്തി പെരുപ്പിച്ച് അവതരിപ്പിക്കുന്നതിലാകുമായിരുന്നില്ല.സ്വന്തം അണികളേക്കാള്‍ മറ്റുള്ളവരെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
അതോടൊപ്പം മതപണ്ഡിതന്മാരും നേതാക്കളും തങ്ങളുടെ അണികളെ സംസ്കരിക്കുന്നതിലും ശുദ്ധീകരിക്കുന്നതിലും കൂടുതലായി ശ്രദ്ധിച്ചിരുന്നെങ്കില്‍ അത് വമ്പിച്ച സദ്ഫലം സമ്മാനിക്കുമായിരുന്നു. എതിര്‍ചേരിയില്‍നില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പലതും പാഴ്വേലകളായി പരിണമിക്കാനുള്ള കാരണവും ഇതുതന്നെ.
രാഷ്ട്രീയ നേതാക്കന്മാര്‍ പരസ്പര വിമര്‍ശങ്ങള്‍ നടത്തുകയും ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, മതനേതാക്കളും പ്രസംഗകരും ഉപയോഗിക്കുന്നത്ര രൂക്ഷമായ ശൈലിയോ കടുത്ത പദങ്ങളോ പ്രയോഗിക്കാറില്ല. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ എത്രയൊക്കെ രാഷ്ട്രീയമായ അകല്‍ച്ചയും ശത്രുതയുമുണ്ടെങ്കിലും നല്ല വ്യക്തിബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്നു. വിവാഹാഘോഷങ്ങളിലും രോഗാവസരങ്ങളിലും മരണവേളകളിലുമെല്ലാം കക്ഷിഭേദമന്യേ എല്ലാവര്‍ക്കും ഒത്തുകൂടാന്‍ സാധിക്കുന്നു. സന്തോഷത്തിലും ദുഃഖത്തിലും പരസ്പരം പങ്കാളികളാവുന്നു. മാനവിക ബന്ധങ്ങള്‍ പുലര്‍ത്തുന്നു. അന്യോന്യം സാധ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നു.
എന്നാല്‍, പല മതസംഘടനകളുടെയും നേതാക്കള്‍ പരസ്പരം അടുപ്പമോ വ്യക്തിബന്ധമോ പുലര്‍ത്താറില്ല. തങ്ങളുടേതല്ലാത്ത സംഘടനാ നേതാക്കളുടെ മരണാനന്തര കര്‍മങ്ങളില്‍ പങ്കാളികളാവാറില്ല. രോഗാവസരങ്ങളില്‍ സന്ദര്‍ശിക്കാറുമില്ല. പൊതുവായ മാനുഷിക ബന്ധമെങ്കിലും പുലര്‍ത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ സ്റ്റേജുകളിലും പേജുകളിലും കടുത്ത പദങ്ങളുപയോഗിക്കാനോ രൂക്ഷമായ ശൈലി സ്വീകരിക്കാനോ സാധിക്കുമായിരുന്നില്ല. പിന്നീടും പരസ്പരം കണ്ടുമുട്ടുകയും സൗഹൃദം പുലര്‍ത്തുകയും വേണ്ടിവരുമെന്ന ബോധം പ്രസംഗത്തിലും എഴുത്തിലും മിതത്വവും നിയന്ത്രണവും പാലിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു.ഒരുപക്ഷേ, മറ്റു സംഘടനകളിലെ നേതാക്കളും പണ്ഡിതന്മാരുമായി ഉറ്റബന്ധവും അടുപ്പവും സ്ഥാപിച്ചാല്‍, ഇപ്പോള്‍ ചെയ്യുന്നതുപോലെ രൂക്ഷമായ വിമര്‍ശത്തിലും ശകാരത്തിലും പരിഹാസത്തിലും അഭിരമിക്കാന്‍ കഴിയില്ളെന്ന തിരിച്ചറിവുകൊണ്ടായിരിക്കാം ഒരുവിധ വ്യക്തിബന്ധത്തിനും സന്നദ്ധമാകാതെ അകന്നു കഴിയുന്നത്.
ഇവിടെ സംഘടനാ നേതാക്കളും മതപണ്ഡിതന്മാരും മാത്രമല്ല പ്രതിസ്ഥാനത്ത്.ഹീനമായ ഭാഷയും ശൈലിയുമുപയോഗിച്ചുള്ള വിമര്‍ശങ്ങള്‍ കേട്ടും വായിച്ചും രസിക്കുന്നവരും അവയെ പ്രോത്സാഹിപ്പിക്കുന്നവരും കുറ്റത്തില്‍ പങ്കാളികളാണ്. അവയെയും അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവരെയും സാമ്പത്തികമായും മറ്റും സഹായിക്കുന്നവരും പ്രതിസ്ഥാനത്തു തന്നെ.